
കേരളം ഒരു ഭ്രാന്താലയം
സ്വാമി അങ്ങനെ വിളിച്ചോ? എങ്കില്‍ എന്ന്? എവിടെവെച്ച്? ഇത്തരം ചോദ്യങ്ങള്‍ ഒരു ചരിത്രകുതുകി ചോദിച്ചുപോകും.
'കേരളം ഒരു ഭ്രാന്താലയം' എന്ന അപഖ്യാതിക്ക് ഏതാണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട്. സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇവിടെ നിലനിന്നിരുന്ന അയിത്താചാരത്തെയും സാമൂഹ്യാധഃപതനത്തെയും വിരല്‍ചൂണ്ടി പരിഹസിക്കുകയുണ്ടായി എന്നതാണ് വിശ്വാസം. നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-സാഹിത്യ നേതാക്കളെല്ലാം ഒരു ലോപവുമില്ലാതെ മേല്വാക്ക് ഓര്‍മ്മിപ്പിക്കാറുണ്ട്.
നരേന്ദ്രനാഥ് ദത്ത് എന്ന സന്യാസി 1892ല്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചു. ഇതുവഴി അദ്ദേഹം കന്യാകുമാരിയില്‍ എത്തി. അവിടെ നിന്നും ബോംബെയിലേക്ക് പോയി. തിരുവിതാംകൂറില്‍ എത്തുമ്പോള്‍ 29 വയസായിരുന്നു പ്രായം. ഇന്ത്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളും സന്ദര്‍ശിച്ചാണ് ഇവിടെയെത്തിയത്. തിരുവനന്തപുരത്തുവെച്ച് അന്നത്തെ രാജാവ് മൂലം തിരുനാളുമായി സംഭാഷണം നടത്തി. രാജകുടുംബം ഇന്നും ആ സന്ദര്‍ശനം ഒരു വലിയ അനുഭവമായി കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ പരിതസ്ഥിതിയില്‍ അദ്ദേഹം കേരളം ഭ്രാന്താലയം എന്നുവിളിക്കാന്‍ ധൈര്യപ്പെടുമായിരുന്നോ? പി. പരമേശ്വരന് അദ്ദേഹത്തിന്റെ കേരളം ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക് എന്ന പുസ്തകത്തില്‍ പറയുന്നത് നോക്കുക. പാശ്ചാത്യ രാജ്യങ്ങളില്‍ ദിഗ്വിജയം നടത്തി മടങ്ങിവന്ന സ്വാമിക്ക് മദിരാശിയില്‍ വെച്ച് നല്കിയ സ്വീകരണത്തിനുള്ള മറുപടി പറയവെയാണ് സ്വാമിജി കേരളത്തിലെ അനീതിക്കെതിരെ വിരല്‍ചൂണ്ടിയത്. മലയാള നാട്ടില്‍ ഞാന്‍ കണ്ടതിനേക്കാള്‍ ആക്ഷേപവാക്കായ മറ്റെന്തെങ്കിലും ഉണ്ടോ? അവിടെ ഒരു ഉയര്‍ന്ന ഹിന്ദു നടക്കുന്ന വഴിയില്‍ കൂടെ ഒരു താഴ്ന്ന ജാതിക്കാരനായ ഹിന്ദുവിന് നടന്നുകൂടാ.
സ്വാമി വിവേകാനന്ദന് കേരളത്തില്‍ വരുമ്പോള്‍ ഇന്നത്തെ കേരളമല്ലായിരുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്ന പ്രദേശങ്ങളായിരുന്നു. തിരുവിതാംകൂര്‍ ഒരു നവോത്ഥാന പ്രസ്ഥാനത്തെ വരവേല്‍ക്കുന്ന സമയമായിരുന്നു അത്. ശ്രീ നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠാ നിവര്‍ത്തന പ്രസ്ഥാനം, മലയാളി മെമ്മോറിയല്‍ ഇങ്ങനെ തുടങ്ങി പല സാമൂഹ്യ ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെയും കാലഘട്ടമായിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവര്‍ണസമുദായങ്ങള്‍ക്ക് വിദ്യാഭ്യാസവും മറ്റും ലഭിക്കുന്ന കാലഘട്ടമായിരുന്നു. മഹാരാഷ്ട്രയില്‍ ദളിത് വിഭാഗങ്ങള്‍ കഴുത്തില്‍ ചിരട്ടയും അരയില്‍ ചൂലും കെട്ടിത്തൂക്കിയാണ് നടന്നിരുന്നത്. അദ്ദേഹം ഭ്രാന്താലയം എന്ന് അന്ന് വിളിച്ച മദ്രാസോ? ഇന്നും അയിത്തം നിലനില്‍ക്കുന്ന എത്രയോ പ്രദേശങ്ങളുണ്ട്.
ഒരു നവ്യവേദാന്തിയായ സ്വാമി ഒരു ഹിന്ദുമത പരിഷ്കര്‍ത്താവായിരുന്നു. അന്നത്തെ ഇന്ത്യയുടെ തലസ്ഥാനമായ കല്‍ക്കത്തയിലെ ബ്രിട്ടീഷ് ആധിപത്യവും രാജാറാം മോഹന്റായിയുടെ വിദേശ പര്യടനവുമൊക്കെ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്.
വേദോപനിഷത്തുക്കളിലും മനുസ്മൃതിയിലും അടിയുറച്ച ഹിന്ദുമതത്തിന്നകത്ത് നിന്നുകൊണ്ട് അതിനെ നവീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മനുസ്മൃതി മായാസൃഷ്ടം എന്നുപറയുമ്പോള്‍ അതില്‍ മാറ്റം വരുത്താന്‍ അദ്ദേഹത്തിന് കഴിയില്ല.
സ്വാമിജി കണ്ട വ്യത്യാസം തിരുവിതാംകൂറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രിസ്തുമത പരിവര്ത്തനമായിരിക്കണം. ക്രിസ്തുമത പരിവര്‍ത്തനം കൊണ്ട് തിരുവിതാംകൂര്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള പ്രദേശമായിരുന്നു. 25 ശതമാനം ജാതിയുടെ നികൃഷ്ടതകളില് നിന്നും അവര്‍ണ വിഭാഗങ്ങള്‍ കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതും അദ്ദേഹം ഇവിടെ വരുന്നതിന് മുമ്പ് മലബാര്‍ പ്രദേശത്ത് 30,000 പുലയര്‍ ഇസ്ലാം മതം സ്വീകരിച്ചതുമൊക്കെ അദ്ദേഹത്തെ വ്യാകുലപ്പെടുത്തിയിരിക്കാം. അതുകൊണ്ടാണോ കേരളത്തിലെ മതപരിവര്‍ത്തനം 'കേരളം ഒരു ഭ്രാന്താലയം' എന്ന് വിളിക്കുന്നതിന് പ്രേരകമായതെന്ന് സംശയിക്കാം.